മുത്തശ്ശി 
കുഞ്ഞിക്കുടിലിനു കൂട്ടിനിരിപ്പൂ
കൂനിക്കൂടിയ മുത്തശ്ശി
മുറുക്കിയവായും  പൂട്ടിയിരിപ്പൂ
മൂത്തുനരച്ചൊരു  മുത്തശ്ശി
ഉള്ളുതുറന്നൊരു  ചിരിയറിയാത്തൊരു
കഥയറിയാത്തൊരു  മുത്തശ്ശി
കഥപറയാത്തൊരു  കഥയല്ലാത്തൊരു
കഥയില്ലാത്തൊരു  മുത്തശ്ശി
കണ്ണുകുഴിഞ്ഞും  പല്ലുകൊഴിഞ്ഞും
ചെള്ളചുഴിഞ്ഞും  എല്ലുമുഴച്ചും
ചുക്കിചുളിഞ്ഞും  കൊണ്ടൊരുകോലം
ചെറ്റക്കുടിലിലെ  മുത്തശ്ശി
ഞാറുകള്‍  നട്ടൊരു  കൈമരവിച്ചു
ഞാറ്റൊലിപാടിയ  നാവുമടങ്ങി
പാടമിളക്കിയ  പാദംരണ്ടും
കോച്ചിവലിഞ്ഞു  ചുളുങ്ങി
കന്നിക്കൊയ്ത്തുകളേറെ  നടത്തിയ
പൊന്നരിവാളു  കൊതിയ്ക്കുന്നു
കുത്തിമറച്ചൊരു  ചെറ്റക്കീറില്‍
കുത്തിയിറുങ്ങിയിരിക്കുന്നു
നെല്‍മണിമുത്തുകളെത്ര  തിളങ്ങിയ
പാടംപലതും  മട്ടുപ്പാവുകള്‍
നിന്നുവിളങ്ങണ  ചേലും  കണ്ട്
കണ്ണുമിഴിപ്പൂ   മുത്തശ്ശി
അന്നിനു  കുടിലിനു  വകയും  തേടി
മക്കളിറങ്ങീ  പുലരണനേരം
കീറിയ   ഗ്രന്ഥക്കെട്ടും കെട്ടി   പേരക്കുട്ടികള്‍
ഉച്ചക്കഞ്ഞി   കൊതിച്ചുമിറങ്ങി
ഒറ്റതിരിഞ്ഞൊരു  കീറപ്പായില്‍
പറ്റിയിരിപ്പൂ  മുത്തശ്ശി
മക്കള്‍  വിയര്‍ത്തു  വരുന്നൊരു നേരം
നോക്കിയിരിപ്പൂ   മുത്തശ്ശി
അക്കരെയന്തിയില്‍  മാളികവെട്ടം
മുത്തശ്ശിയ്ക്കതു  ഘടികാരം
എരിയണ  വെയിലും   മായണവെയിലും
നോക്കിയിരിപ്പൂ  മുത്തശ്ശി
മുന്നില്‍  വെറ്റത്തട്ടമൊഴിഞ്ഞു
മുന്തിയിലുന്തിയ  കെട്ടുമയഞ്ഞു
വായില്‍  കൂട്ടിയ  വെറ്റമുറുക്കാന്‍
നീട്ടിത്തുപ്പണതിത്തിരി  നീട്ടി
കത്തണ  വയറിനൊരിത്തിരി  വെള്ളം
മോന്തിനനയ്ക്കാന്‍  വയ്യ ;
കുടത്തില്‍  കരുതിയ  ചുമട്ടുവെള്ളം
എടുത്തുതീര്‍ക്കാന്‍  വയ്യ !
ഉഷ്ണം  വന്നു  പതിച്ചു തപിച്ചൊരു
ദേഹമുണങ്ങി വരണ്ടു
വീശണ  പാളപ്പങ്കയുമരികില്‍
പങ്കപ്പാടിലിരിയ്ക്കുന്നു
നെഞ്ചില്‍  പൊട്ടുകള്‍  രണ്ടും  കാട്ടി
ഒട്ടിവലിഞ്ഞൊരു  മുത്തശ്ശി
മുട്ടിനു   മേലെയൊരിത്തിരി  തുണ്ടം
തുണിയും  ചുറ്റിയിരിയ്ക്കുന്നു
കാലുകള്‍    രണ്ടും   നീട്ടിയിരിപ്പൂ
കാലം   പോയൊരു   മുത്തശ്ശി
കാലം    കെടുതി    കൊടുത്തതു   വാങ്ങി
കാലം    പോക്കിയ   മുത്തശ്ശി
മിച്ചം  വച്ചൊരു  കിഴിയുമഴിച്ചു
സ്വപ്നം  കണ്ടതുമൊക്കെ  മറന്നു
സ്വര്‍ഗ്ഗകവാടം  ഒന്നു  തുറക്കാന്‍
മുട്ടിവിളിപ്പൂ  മുത്തശ്ശി ! 
No comments:
Post a Comment