ഈ ബ്ലോഗത്തിൽ കവിതകൾ മാത്രം

ഈയുള്ളവൻ അവർകളുടെ എല്ലാത്തരം എഴുതക്കങ്ങളും പ്രസിദ്ധീകരിയ്ക്കുന്ന പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്. അതിൽ പ്രസിദ്ധീകരിക്കുന്ന കവിതകൾ മാത്രം ഇവിടെ വീണ്ടും പോസ്റ്റ് ചെയ്യുന്നു.

Sunday, November 18, 2012

ഹൃദയഭൂമി

ഹൃദയഭൂമി

മെല്ലെ മുട്ടിയാല്‍ താനേ തുറക്കും
ചാരിയിട്ടേയുള്ളു വാതില്‍
കൊട്ടിയടച്ചതില്ലാരും;

കടന്നു ചെല്ലുവാന്‍ മടിച്ചു നില്‍ക്കേണ്ട
അനുമതിയ്ക്കായാപേക്ഷയും വേണ്ട
ഹൃദയഭൂമിതന്‍ പുറത്തീ വാതിലിന്‍
കാവലാളു ഞാന്‍ കവി പറയുന്നു;
കടന്നുചെല്ലുക !

കൊടുത്തു വാങ്ങുവാന്‍ കൊതിച്ചു ചെല്ലുകില്‍
വിലക്കി നിർത്തുകില്ലവിടെ നിര്‍ദ്ദയം
അമൃതവര്‍ഷമാണവിടെ കാര്‍മുകില്‍
കനിഞ്ഞു നല്‍കിടും; സ്നേഹസാന്ത്വനം !

മധുര മുന്തിരിപ്പഴങ്ങള്‍ കായ്ക്കുമാ
സമതലത്തിന്‍ വിളയിടങ്ങളില്‍
കടന്നുചെല്ലുക, മടിച്ചു നില്‍ക്കേണ്ട!

മനുഷ്യരാഷ്ട്രം

മനുഷ്യരാഷ്ട്രം

ക്രിസ്തുരാഷ്ട്രം
ക്രിസ്ത്യാനികളിൽ ചിലരുടെ
സ്വപ്നമാണ്;
സ്വപ്നങ്ങളെ പ്രതിരോധിക്കുവാനാകില്ലല്ലോ!
മുസ്ലിംരാഷ്ട്രം
മുസ്ലിങ്ങളിൽ ചിലരുടെ
സ്വപ്നമാണ്
സ്വപ്നങ്ങളെ പ്രതിരോധിക്കുവാനാകില്ലല്ലോ!
ഹിന്ദുരാഷ്ട്രം
ഹിന്ദുക്കളിൽ ചിലരുടെ
സ്വപ്നമാണ്;
സ്വപ്നങ്ങളെ പ്രതിരോധിക്കുവാനാകില്ലല്ലോ!
ഇഹലോകത്ത് സ്വപ്നരാജ്യം
പരലോകത്ത് സ്വർഗ്ഗ രാജ്യം
എത്ര മനോഹരം!
എല്ലാവരും സ്വപ്നജീവികൾ തന്നെ!
സ്വപ്നങ്ങളിൽ ചിലതിനർത്ഥങ്ങളുണ്ടായാൽ
നരകങ്ങളാകും  ചിലർക്കു സ്വന്തം!
എങ്കിലും-

മനുഷ്യരാഷ്ട്രസ്ഥാപനം ദുഷ്കരംതന്നെ;
മാനവികവാദികൾക്ക്
തൊട്ടാൽ പൊള്ളുന്ന
ഒരു പുണ്യഗ്രന്ഥത്തിന്റെയും
പിൻബലമില്ലല്ലോ!

മദ്യദോഷം

മദ്യദോഷം

മദ്യം
വിഷമാണ്
വിഷമമാണ്
വിനയാണ്
വിറയലാണ്
വിവിധമാണ്
വിഷയമാണ്

(ഓരോ ദിവസവും മദ്യം വരുത്തിവയ്ക്കുന്ന ചില കുഴപ്പങ്ങൾ കണ്ടും കേട്ടും ചുമ്മാ കോറിയിട്ട വരികൾ എന്നേയുള്ളൂ) 

നിങ്ങൾ ക്യൂവിലാണ്

നിങ്ങൾ ക്യൂവിലാണ്

നിങ്ങൾ ക്യൂവിലാണ്
ബിവറേജസിന്റെ മുന്നിലെ നീണ്ട ക്യൂവിൽ
തെല്ലും പരുങ്ങേണ്ടതില്ല
നിങ്ങൾ ബഹുമാനിക്കുന്നവരും
ഭയക്കുന്നവരും
കണ്ടാൽ പരസ്പരം ലജ്ജ തോന്നുന്നവരും
ക്യൂവിൽതന്നെയുണ്ട്
എങ്കിലും കണ്ണുകൾ പരസ്പരം ഉടക്കാതെ
അതിജീവിക്കുക
ലക്ഷ്യം ഒന്ന്
മാർഗ്ഗം ഒന്ന്
വിജയം അകലെയല്ല
തൊട്ടരികിൽ തന്നെയുണ്ട്
ഉയിരെരിയുന്നുവെങ്കിലും
കരയാതെ കരളേ
പൊറുക്കുക നീ
ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുന്നു

അന്വേഷണം

അന്വേഷണം

ആകാശത്തിന്റെ അനന്തതയിലൂടെയാണ്
എന്റെ പ്രയാണം
ക്ഷീണമകറ്റാൻ തെല്ലിട ഉറങ്ങിയുണരുമ്പോൾ
എപ്പോഴാണു താഴോട്ട് നിപതിച്ചതെന്നറിയാതെ
കുടിച്ചിറക്കാൻ അല്പം ഉമിനീരെങ്കിലും
ബാക്കിയുണ്ടോ എന്നു മാത്രമാണ്
സ്വപ്നം കൊണ്ട് പശിയകറ്റുന്ന
എന്റെ  അന്വേഷണം!

Thursday, February 2, 2012

പ്രിയേ പ്രണയിനീ

പ്രിയേ പ്രണയിനീ

നിനക്കു ഞാൻ നൽകിയത് മിഴി രണ്ടും
നീ തിരിച്ചു നൽകിയത് തിമിരം
മിഴികളില്ലാത്ത എനിക്ക്
നീ കടമെടുത്തൊരു തിമിരം
കനിഞ്ഞു നൽകിയിട്ട് എന്തു കാര്യം?
തിമിരത്തിനും മീതെയല്ലേ
അന്ധതയുടെ കറുത്ത വെട്ടം?
കടലാഴം കനിവുള്ളൊരു കരൾ കടഞ്ഞാണ്
ഞാൻ നിനക്ക് കാഴ്ചയുടെ
വെള്ളി വെളിച്ചവും കാവൽ‌പ്പുരയുടെ താക്കോലും
കാവലാളിന്റെ കായ്ബലവും നൽകിയത്!
പക്ഷെ അപ്പോഴും എന്നിൽ
കാഴ്ചയുടെ നേരിയ വെളിച്ചമെങ്കിലും
ശേഷിക്കുന്നുണ്ടോ എന്നായിരുന്നു
സംശയാലുവായ നിന്റെ ചൂഴ്ന്നു നോട്ടം!
നീയെന്നും സംശയ രോഗത്തിന്
അടിമപ്പെട്ടിരുന്നല്ലോ!
കണ്ണുണ്ടെങ്കിലും കാണാതെ പോയ
കാഴ്ചകൾക്കു വേണ്ടിയാണ്
ഞാൻ എന്റെ ഹൃദയയരക്തം കൊണ്ട്
കൈയ്യൊപ്പിട്ട എന്റെ കാഴ്ചയുടെ
അനുഭവങ്ങൾ നിന്റെ നിഷ്പ്രഭമായ
കണ്ണുകൾക്കും കറുത്തു കരുവാളിച്ച
കാഴ്ചകൾക്കും പകരം നൽകിയത്.
കാഴ്ചകളെ പറ്റി ആധികാരികമായി
പറയാൻ കാഴ്ച ഉപേക്ഷിച്ചവന് എന്തു കാര്യം
എന്നായിരിക്കും ഇപ്പോൾ നിന്റെ ചിന്ത!
കണ്ണേ മടങ്ങുക എന്നിനി
എനിക്കു പറയാനാകില്ല
കാരണം മടങ്ങിവന്നിട്ടും കാര്യമില്ല
കാഴ്ചഫലം നൽകുന്ന കൺപടലം
ഞാൻ ചൂഴ്ന്നെടുത്തു പോയി
കൈയ്യൊപ്പിടാൻ ഇറ്റിച്ച്
ഹൃദയ രക്തം വറ്റിച്ചും പോയി!
ഇനി ഉണർന്നിരിക്കുമ്പോഴും
കറുത്ത വാവ് പെയ്തിറങ്ങുന്ന
മനോരാജ്യങ്ങളിലൂടെ അതിർത്തികൾ ഭേദിച്ച്
അനായാസേന എനിക്ക് യാത്ര ചെയ്യാം!
സ്വപ്നങ്ങൾക്ക് നിറഭേദമില്ലെങ്കിൽ
തിരിച്ചറിവുകൾക്ക് കാത്തുനിൽക്കേണ്ടതില്ലല്ലോ!
ഇരുട്ടുകൊണ്ട് ഇരുട്ടിനെ കീറിമുറിച്ച്
വെളുത്ത് പ്രകാശമാനമായ ഏതോ
ഉയരങ്ങളിലേക്കു പടർന്നു കയറാൻ
ഏതോ ഇരുണ്ട ഒരു താഴ്വരതേടി
നിലം തൊടാതൊരു യാത്ര!
ശരീരം ഉപേക്ഷിച്ചതിന്റെ വേവലാതികളുമായി
ഉന്മത്തതയുടെ കറുത്ത രാപ്പകലുകളിലൂടെ
നിയാര് ഞാനാരെന്നറിയാതെ അങ്ങനെയങ്ങനെ ......
പ്രിയേ പ്രണയിനീ, നേരു പറയട്ടെ;
നിനക്ക് എന്നെ കൈവിട്ടു പോയിരിക്കുന്നു;
എനിക്കു നിന്നെയും!

Friday, March 25, 2011

മുത്തശ്ശി

മുത്തശ്ശി

കുഞ്ഞിക്കുടിലിനു കൂട്ടിനിരിപ്പൂ
കൂനിക്കൂടിയ മുത്തശ്ശി
മുറുക്കിയവായും പൂട്ടിയിരിപ്പൂ
മൂത്തുനരച്ചൊരു മുത്തശ്ശി

ഉള്ളുതുറന്നൊരു ചിരിയറിയാത്തൊരു
കഥയറിയാത്തൊരു മുത്തശ്ശി
കഥപറയാത്തൊരു കഥയല്ലാത്തൊരു
കഥയില്ലാത്തൊരു മുത്തശ്ശി

കണ്ണുകുഴിഞ്ഞും പല്ലുകൊഴിഞ്ഞും
ചെള്ളചുഴിഞ്ഞും എല്ലുമുഴച്ചും
ചുക്കിചുളിഞ്ഞും കൊണ്ടൊരുകോലം
ചെറ്റക്കുടിലിലെ മുത്തശ്ശി

ഞാറുകള്‍ നട്ടൊരു കൈമരവിച്ചു
ഞാറ്റൊലിപാടിയ നാവുമടങ്ങി
പാടമിളക്കിയ പാദംരണ്ടും
കോച്ചിവലിഞ്ഞു ചുളുങ്ങി

കന്നിക്കൊയ്ത്തുകളേറെ നടത്തിയ
പൊന്നരിവാളു കൊതിയ്ക്കുന്നു
കുത്തിമറച്ചൊരു ചെറ്റക്കീറില്‍
കുത്തിയിറുങ്ങിയിരിക്കുന്നു

നെല്‍മണിമുത്തുകളെത്ര തിളങ്ങിയ
പാടംപലതും മട്ടുപ്പാവുകള്‍
നിന്നുവിളങ്ങണ ചേലും കണ്ട്‌
കണ്ണുമിഴിപ്പൂ മുത്തശ്ശി

അന്നിനു കുടിലിനു വകയും തേടി
മക്കളിറങ്ങീ പുലരണനേരം
കീറിയ ഗ്രന്ഥക്കെട്ടും കെട്ടി പേരക്കുട്ടികള്‍
ഉച്ചക്കഞ്ഞി കൊതിച്ചുമിറങ്ങി

ഒറ്റതിരിഞ്ഞൊരു കീറപ്പായില്‍
പറ്റിയിരിപ്പൂ മുത്തശ്ശി
മക്കള്‍ വിയര്‍ത്തു വരുന്നൊരു നേരം
നോക്കിയിരിപ്പൂ മുത്തശ്ശി

അക്കരെയന്തിയില്‍ മാളികവെട്ടം
മുത്തശ്ശിയ്ക്കതു ഘടികാരം
എരിയണ വെയിലും മായണവെയിലും
നോക്കിയിരിപ്പൂ മുത്തശ്ശി

മുന്നില്‍ വെറ്റത്തട്ടമൊഴിഞ്ഞു
മുന്തിയിലുന്തിയ കെട്ടുമയഞ്ഞു
വായില്‍ കൂട്ടിയ വെറ്റമുറുക്കാന്‍
നീട്ടിത്തുപ്പണതിത്തിരി നീട്ടി

കത്തണ വയറിനൊരിത്തിരി വെള്ളം
മോന്തിനനയ്ക്കാന്‍ വയ്യ ;
കുടത്തില്‍ കരുതിയ ചുമട്ടുവെള്ളം
എടുത്തുതീര്‍ക്കാന്‍ വയ്യ !

ഉഷ്ണം വന്നു പതിച്ചു തപിച്ചൊരു
ദേഹമുണങ്ങി വരണ്ടു
വീശണ പാളപ്പങ്കയുമരികില്‍
പങ്കപ്പാടിലിരിയ്ക്കുന്നു

നെഞ്ചില്‍ പൊട്ടുകള്‍ രണ്ടും കാട്ടി
ഒട്ടിവലിഞ്ഞൊരു മുത്തശ്ശി
മുട്ടിനു മേലെയൊരിത്തിരി തുണ്ടം
തുണിയും ചുറ്റിയിരിയ്ക്കുന്നു

കാലുകള്‍ രണ്ടും നീട്ടിയിരിപ്പൂ
കാലം പോയൊരു മുത്തശ്ശി
കാലം കെടുതി കൊടുത്തതു വാങ്ങി
കാലം പോക്കിയ മുത്തശ്ശി

മിച്ചം വച്ചൊരു കിഴിയുമഴിച്ചു
സ്വപ്നം കണ്ടതുമൊക്കെ മറന്നു
സ്വര്‍ഗ്ഗകവാടം ഒന്നു തുറക്കാന്‍
മുട്ടിവിളിപ്പൂ മുത്തശ്ശി !