ഈ ബ്ലോഗത്തിൽ കവിതകൾ മാത്രം

ഈയുള്ളവൻ അവർകളുടെ എല്ലാത്തരം എഴുതക്കങ്ങളും പ്രസിദ്ധീകരിയ്ക്കുന്ന പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്. അതിൽ പ്രസിദ്ധീകരിക്കുന്ന കവിതകൾ മാത്രം ഇവിടെ വീണ്ടും പോസ്റ്റ് ചെയ്യുന്നു.

Wednesday, December 30, 2009

ഇടവേള

ഇടവേള

നീ ജനി, അവൻ മൃതി
ഞാനൊരു ഇടവേള;
അനിശ്ചിതമായ ദൈർഘ്യമുള്ള
വെറുമൊരു നേരമ്പോക്ക്!
ഒടുവിലെപ്പോഴെങ്കിലും
എന്നെ മണ്ണിനു വളമാക്കി-
സൂക്ഷ്മജീവികൾക്ക് സദ്യയാക്കി
നിങ്ങളുടെ വേളിയും വേഴ്ചയും!
പിന്നെ ഞാനൊരു കെട്ടുകഥ;
ഓർമ്മയില്ലാത്തൊരു മിഥ്യ!
നേരം പോയതതറിയാ‍തെ
ഒടുങ്ങിത്തീരുന്ന യാഥാർത്ഥ്യം;
എന്റെയോ, നിങ്ങളുടെയോ
ആരുടെയോ, ആരുടെയൊക്കെയോ
അല്ലെങ്കിൽ ആരുടെയുമല്ലാത്ത
വെറുമൊരു നേരമ്പോക്ക്;
നിങ്ങളുടെ കഥയ്ക്കിടയിലെ
കേവലമൊരു കഥയില്ലായ്മ!

Tuesday, December 29, 2009

ബാധ

ബാധ

ജടയൊഴിച്ചു
മുടി കളഞ്ഞു
വായ കഴുകി
നഖം മുറിച്ചു
കുളിച്ചു കയറി;
പുതു വസ്ത്രം
അത്തർ മണം
മൃദു സ്വരം
ശാന്തിമന്ത്രം
അഹിംസ
അലർച്ചയില്ല
അക്രമമില്ല!
പശ്ചാത്താപം
പ്രായശ്ചിത്തം
സുഗന്ധപൂരിതം!
പക്ഷെ,
ദുർഗന്ധം മാത്രം
പരിചയിച്ചവർ
ഉച്ചത്തിൽ
വിളിച്ചുകൂകുന്നത്:
‘മഹാദുർഗന്ധം!’
അവരുടെ ആജ്ഞ:
‘നീയെന്നും ദുഷ്ടനായിരിയ്ക്കുക!’
പിത്തം
തിമിരം
ബാധ!

Thursday, August 6, 2009

കവിത- കടം

കടം

കടമെടുത്ത തുടിപ്പുമായ് ഞാൻ രാപ്പകലെണ്ണുന്നു
കിടന്നെണീയ്ക്കും എന്നാലെനിയ്ക്കുറക്കമേയില്ല
ഈടുവച്ചൊരുറപ്പിൽനിന്നും പുറത്തിറങ്ങാറായ്
ജപ്തി-ലേലം ചെണ്ടമേളം കേട്ടുറങ്ങാനോ?

കറുത്ത നീതികൾ തിമിർത്തുവാഴും മുടിഞ്ഞ ഭവനത്തിൻ
ഒഴിഞ്ഞ കോണിൽ ചായ്പ്പിറക്കി കിടപ്പുകാർക്കൊപ്പം
കീറപ്പായും എടുത്തുചെന്നാൽ കിടന്നുറങ്ങീടാൻ
എനിയ്ക്കുമല്പം വെറുംതറയതു പതിച്ചു കിട്ടീടും!

കളിക്കളത്തിൽ പരാജിതൻ ഞാൻ തളർന്നു പിന്മാറി
കരുക്കളൊന്നും കുരുത്തിടാത്തൊരു മനോമരുക്കാട്ടിൽ
കയർക്കുരുക്കെൻ കഴുത്തുഴിഞ്ഞ് കാറ്റിലാടുമ്പോഴും
കരിഞ്ഞസ്വപ്നക്കുറ്റികൾക്കോ തിളിർക്കുവാൻ മോഹം!

മരുപ്പച്ചകൾ മാഞ്ഞുപോയൊരു മണൽ‌പ്പരപ്പിൽ ഞാൻ
മനസ്സുകൊണ്ടൊരു ഹരിതവസന്തം വരച്ചുവച്ചപ്പോൾ
ഇരുട്ടുകൊണ്ടതു മറച്ചുവച്ചൂ തിമിരമേഘങ്ങൾ
പുലർച്ചയോളം കാത്തിടുന്നൂ പകൽ കടന്നീടാൻ....!

ഇനിയുമേറെ കിനാക്കൾ കാണാൻ കൊതിച്ചിടാ‍ഞ്ഞല്ല
ഉറവവറ്റിയ നദിയിലെങ്ങനെ കുളിച്ചുകയറാൻ ഞാൻ?
പതിവു തെറ്റിയ ജീവതാളം പണിമുടക്കുമ്പോൾ
വീണ്ടെടുപ്പിൻ സടകുടച്ചിൽ ഇരന്നു വാങ്ങണ്ടേ?

വിരുന്നു വന്ന രോഗപീഡകൾ തിരിച്ചുപോകാതെ
പൊറുതിയ്ക്കായ് പകുത്തെടുത്തെൻ ദേഹഭാഗങ്ങൾ
കുതിച്ചു പായാൻ കൊതിച്ചിനിയും ശ്രമിച്ചുനോക്കേണ്ട
കിതപ്പുനീട്ടാൻ മാത്രമാണെൻ ശേഷഭാഗങ്ങൾ

ഇനിയുമെത്ര തുടിപ്പുകൾ മിടിയ്ക്കുവാൻ ബാക്കി
എന്നതോർത്തും തുടിപ്പിനെണ്ണം കുറഞ്ഞുപോയീടാം
വരണ്ട നാവിൻ തുമ്പിലെന്തോ വെമ്പി നിൽക്കുന്നു
പറയുവാനുണ്ടെന്തോ പക്ഷെ പറഞ്ഞു തീർന്നിടുമോ?

തരുക്കളൊന്നും തളിർത്തിടാത്തൊരു തരിശിടത്തിങ്കൽ
നിലമൊരുക്കി നട്ടുനനയ്ക്കാൻ ജലം തിരക്കി ഞാൻ
കരഞ്ഞുവറ്റിയ കണ്ണീർചാലിൻ കരയ്ക്കിരിയ്ക്കുമ്പോൾ
തഴുകുവാനായ് പരതി വരുന്നതു ചുട്ടമരുക്കാറ്റും!

Saturday, August 1, 2009

ഒരുമയുടെ ഓർക്കുട്ട്

ഓർക്കൂട്ടിനെക്കുറിച്ച് കോറിയിട്ട ഏതാനും വരികൾ കവിതയെന്ന് അവകാശപ്പെട്ടുകൊണ്ട് ഇവിടെ പ്രസിദ്ധീകരിയ്ക്കുന്നു.


ഒരുമയുടെ ഓർക്കുട്ട്


ഒറ്റപ്പെടാതെയും ഒറ്റയ്ക്കിരിയ്ക്കാം
ഓർക്കൂട്ടുകാരാണു നമ്മളെങ്കിൽ
ഒട്ടു മനസ്താപമോടെയിരുന്നാലും
ഓർക്കൂട്ടിലെത്തുമ്പോളതുതാനേ മാറും

ഒരുവിരൽത്തുമ്പിൻ മൃദുസ്പർശനത്തിൽ
ഓരോരോ സൌഹൃദം പൂവിടുന്നു
ഒന്നാണു നമ്മളെന്നോർത്തുകൊണ്ടെല്ലാരും
ഓമനിച്ചല്ലോ വളർത്തുന്നു സ്നേഹം!

ഒരുമതൻ പെരുമയിൽ മേഘം വിതാനിച്ച്
ഓരോരോ കൈക്കുമ്പിൾ മലർ വാരി വിതറുന്നു;
ഒരുതുള്ളിപ്പലതുള്ളി സ്നേഹത്തിൻ പെരുമഴയിൽ
ഓർക്കൂട്ടുകാർ നമ്മൾ ഒരുമിച്ചു നനയുന്നു!

ഓർക്കാതെയെങ്കിലും ഓർക്കുട്ടിലെത്തിയാൽ
ഒരുപാടുനേരം അവിടിരിയ്ക്കും
ഒരുകൂട്ടമെപ്പോഴും അവിടെയുള്ളപ്പോൾ
ഓടിത്തിരക്കിട്ടു പോകുവതെങ്ങനെ?

ഒരുനേരമെങ്കിലും ഓർക്കൂട്ടിലെത്തുവാൻ
ഓരോ ദിവസവും ആശിച്ചുപോകുന്നു
ഒരുപക്ഷെ ആരാനും വന്നെങ്കിലോ
ഒരു ചങ്ങാതിയാകാൻ ക്ഷണിച്ചെങ്കിലോ

ഒരു സന്ദേശമെങ്കിലും കാണാതിരിയ്കില്ല
ഒരുവേളയെങ്ങനെ നോക്കാതിരിയ്ക്കുവാൻ?
ഒന്നിനും മറുപടി നൽകാതിരിയ്ക്കാനും
ഒക്കുമോ നമ്മളങ്ങൊത്തുപോയില്ലെ?

ഒരുമിച്ചു ചേരുവാൻ ഈയൊരു വിസ്മയം
ഒരുക്കി നാമേവർക്കും ദാനമായ് നൽകിയ
ഒരുനല്ല ചങ്ങാതി ഗൂഗിളിനേകുന്നു
ഓരായിരം നന്ദിവാക്കുകൾ നമ്മൾ!

Wednesday, January 14, 2009

കവിത- ഹൃദയഭൂമി

കവിത

ഹൃദയഭൂമി

മെല്ലെ മുട്ടിയാല്‍ താനേ തുറക്കും
ചാരിയിട്ടേയുള്ളു വാതില്‍
കൊട്ടിയടച്ചതില്ലാരും;

കടന്നു ചെല്ലുവാന്‍ മടിച്ചു നില്‍ക്കേണ്ട
അനുമതിയ്ക്കായാപേക്ഷയും വേണ്ട
ഹൃദയഭൂമിതന്‍ പുറത്തീ വാതിലിന്‍
കാവലാളു ഞാന്‍ കവി പറയുന്നു;
കടന്നുചെല്ലുക !

കൊടുത്തു വാങ്ങുവാന്‍ കൊതിച്ചു ചെല്ലുകില്‍
വിലക്കി നിര്‍ത്തകില്ലവിടെ നിര്‍ദ്ദയം
അമൃതവര്‍ഷമാണവിടെ കാര്‍മുകില്‍
കനിഞ്ഞു നല്‍കിടും; സ്നേഹസാന്ത്വനം !

മധുര മുന്തിരിപ്പഴങ്ങള്‍ കായ്ക്കുമാ
സമതലത്തിന്‍ വിളയിടങ്ങളില്‍
കടന്നുചെല്ലുക, മടിച്ചു നില്‍ക്കേണ്ട!

കവിത- മുത്തശ്ശി

കവിത

മുത്തശ്ശി

കുഞ്ഞിക്കുടിലിനു കൂട്ടിനിരിപ്പൂ
കൂനിക്കൂടിയ മുത്തശ്ശി
മുറുക്കിയവായും പൂട്ടിയിരിപ്പൂ
മൂത്തുനരച്ചൊരു മുത്തശ്ശി

ഉള്ളുതുറന്നൊരു ചിരിയറിയാത്തൊരു
കഥയറിയാത്തൊരു മുത്തശ്ശി
കഥപറയാത്തൊരു കഥയല്ലാത്തൊരു
കഥയില്ലാത്തൊരു മുത്തശ്ശി

കണ്ണുകുഴിഞ്ഞും പല്ലുകൊഴിഞ്ഞും
ചെള്ളചുഴിഞ്ഞും എല്ലുമുഴച്ചും
ചുക്കിചുളിഞ്ഞും കൊണ്ടൊരുകോലം
ചെറ്റക്കുടിലിലെ മുത്തശ്ശി

ഞാറുകള്‍ നട്ടൊരു കൈമരവിച്ചു
ഞാറ്റൊലിപാടിയ നാവുമടങ്ങി
പാടമിളക്കിയ പാദം രണ്ടും
കോച്ചിവലിഞ്ഞു ചുളുങ്ങി

കന്നിക്കൊയ്ത്തുകളേറെനടത്തിയ
പൊന്നരിവാളു കൊതിയ്ക്കുന്നു
കുത്തിമറച്ചൊരു ചെറ്റക്കീറില്‍
‍കുത്തിയിറുങ്ങിയിരിക്കുന്നു

നെല്‍മണിമുത്തുകളെത്ര തിളങ്ങിയ
പാടംപലതും മട്ടുപ്പാവുകള്‍
‍നിന്നുവിളങ്ങണ ചേലും കണ്ട്‌
കണ്ണുമിഴിപ്പൂ മുത്തശ്ശി

അന്നിനു കുടിലിനു വകയും തേടി
മക്കളിറങ്ങീ പുലരണനേരം
കീറിയ ഗ്രന്ധക്കെട്ടുംകെട്ടി പേരക്കുട്ടികള്‍
‍ഉച്ചക്കഞ്ഞി കൊതിച്ചുമിറങ്ങി

ഒറ്റതിരിഞ്ഞൊരു കീറപ്പായില്‍
‍പറ്റിയിരിപ്പൂ മുത്തശ്ശി
മക്കള്‍ വിയര്‍ത്തു വരുന്നൊരു നേരം
നോക്കിയിരിപ്പൂ മുത്തശ്ശി

അക്കരെയന്തിയില്‍ മളികവെട്ടം
മുത്തശ്ശിയ്ക്കതു ഘടികാരം
എരിയണവെയിലും മായണവെയിലും
നോക്കിയിരിപ്പൂ മുത്തശ്ശി

മുന്നില്‍ വെറ്റത്തട്ടമൊഴിഞ്ഞു
മുന്തിയിലുന്തിയ കെട്ടുമയഞ്ഞു
വായില്‍ കൂട്ടിയ വെറ്റമുറുക്കാന്‍
‍നീട്ടിത്തുപ്പണതിത്തിരി നീട്ടി

കത്തണ വയറിനൊരിത്തിരി വെള്ളം
മോന്തിനനയ്ക്കാന്‍ വയ്യ ;
കുടത്തില്‍ കരുതിയ ചുമട്ടുവെള്ളം
എടുത്തുതീര്‍ക്കാന്‍ വയ്യ !

ഉഷ്ണം വന്നു പതിച്ചുതപിച്ചൊരു
ദേഹമുണങ്ങി വരണ്ടു
വീശണ പാളപ്പങ്കയുമരികില്‍
‍പങ്കപ്പാടിലിരിയ്ക്കുന്നു

നെഞ്ചില്‍ പൊട്ടുകള്‍ രണ്ടും കാട്ടി
ഒട്ടിവലിഞ്ഞൊരു മുത്തശ്ശി
മുട്ടിനു മെലെയൊരിത്തിരി തുണ്ടം
തുണിയും ചുറ്റിയിരിയ്ക്കുന്നു

കാലുകള്‍ രണ്ടും നീട്ടിയിരിപ്പൂ
കാലം പോയൊരു മുത്തശ്ശി
കാലം കെടുതി കൊടുത്തതു വാങ്ങി
കാലം പോക്കിയ മുത്തശ്ശി

മിച്ചംവച്ചൊരു കിഴിയുമഴിച്ചു
സ്വപ്നം കണ്ടതുമൊക്കെ മറന്നു
സ്വര്‍ഗ്ഗകവാടം ഒന്നു തുറക്കാന്‍
‍മുട്ടിവിളിപ്പൂ മുത്തശ്ശി !

നര്‍മ്മകവിത- പിടസ്വാതന്ത്യം

നര്‍മ്മകവിത

പിടസ്വാതന്ത്ര്യം

( ഈ കവിതയിലെ പിടയ്ക്കു ജീവിച്ചിരിയ്ക്കുന്നതോ മരിച്ചുപോയതോ ആയിട്ടുള്ള ഏതെങ്കിലും പിടകളുമായി എന്തെങ്കിലും സാദൃശ്യം തോന്നുന്നുവെങ്കില്‍ അത് തികച്ചും സ്വാഭാവികം മാത്രം )

ആ നല്ല ചെമ്പൂവും ആടകളും
ആ വര്‍ണ്ണത്തൂവലും അങ്കവാലും
ആകെയഴകുള്ള പൂവനെപ്പോല്‍
ആകണമെന്നു പിടയ്ക്കു മോഹം

കൊക്കലും കൂകലും ചുറ്റിച്ചിറയലും
കൊത്തു കൂടുമ്പോഴൊക്കെ ജയിക്കലും
തത്തിത്തത്തിക്കൊണ്ടൊത്ത നടത്തയും
ഒക്കെ മോഹിച്ചു പിടക്കോഴി

പൂവാല വേലകള്‍ ഒന്നും നടത്താതെ
എന്തിനീ ഭൂമിയില്‍ ജീവിച്ചിരിയ്ക്കുന്നു?
ഒട്ടും ഉറങ്ങാന്‍ കഴിയുന്നതേയില്ല
ചിന്തിച്ചു രവില്‍ ഇരുന്നു പിടക്കോഴി

ആണിന്‍ മേധാവിത്വം മേലിലീ നാട്ടില്‍
വച്ചു പൊറുപ്പിയ്ക്കയില്ലില്ലുറയ്ക്കുന്നു
പെണ്‍ ദുരിതങ്ങളില്‍ നിന്നൊരു മോചനം
കിട്ടാതടങ്ങിയിരിയ്ക്കില്ല തെല്ലും

മുട്ടയിട്ടീടുവാന്‍ കിട്ടില്ല കട്ടായം
ഇട്ടാലും മുട്ടകള്‍ കൊത്തിപ്പൊട്ടിയ്ക്കും
മുട്ടയിട്ടീടുവാന്‍ തന്‍റേടമുണ്ടെങ്കില്‍
ഇട്ടോട്ടെ പൂവന്‍ കണ്ടിട്ടു കാര്യം !

വട്ടിയ്ക്കകത്തട വച്ചാലിരിയ്ക്കില്ല
കുറ്റിരുട്ടില്‍ ദിനമെണ്ണിയിരിയ്ക്കില്ല
കെട്ടി വച്ചിട്ടതില്‍ മുട്ടിയും വച്ചാലും
തട്ടി മറിച്ചിടാനൊട്ടും മടിയ്ക്കില്ല

ചിക്കിച്ചികഞ്ഞിനി കുഞ്ഞുങ്ങളെത്തീറ്റാന്‍
പറ്റില്ല ചുറ്റി നടക്കില്ല നിശ്ചയം
തള്ളിയിരിക്കുവാന്‍ കുഞ്ഞുങ്ങളെത്തുമ്പോള്‍
പള്ളച്ചൂടേകാനു,മില്ല മനസ്സില്ല

ചിന്നിച്ചിതറാതെ കുഞ്ഞുങ്ങളെക്കൂട്ടി
നോക്കി സൂക്ഷിക്കുവാന്‍ നേരമില്ല
കാക്കയെടുക്കാതെ പൂച്ച പിടിയ്ക്കാതെ
കാത്തു രക്ഷിക്കുവാനാളെത്തിരക്കണം

റാഞ്ചിയെടുക്കുവാന്‍ ചെമ്പരുന്തെത്തുമ്പോള്‍
കിള്ളിയെടുക്കുവാന്‍ കിള്ളിറാനെത്തുമ്പോള്‍
ചീറ്റി വിളിച്ചങ്ങു ചാടിപ്പറക്കാനും
കൊത്തിയോടിയ്ക്കാനും വയ്യ തന്നെ !

തള്ളയായ് പള്ളയും തള്ളി നടന്നാലും
തൊള്ള തുറന്നങ്ങു തള്ളിപ്പറയുവാന്‍
തുള്ളിത്തുള്ളി നടന്നുള്ളില്‍ ചിരിയ്ക്കുന്ന
കള്ളപ്പൂവാലാ കൊള്ളില്ല പിള്ളേ !

ചുറ്റിക്കളിച്ചിനി പറ്റി നടക്കാനും
പറ്റിച്ചു തിന്നാനും പറ്റില്ല പൂവാ !
കൊത്തിച്ചവിട്ടുവാന്‍ പമ്മിയിരിയ്ക്കില്ല
കൊക്കിവിളിയ്ക്കുമ്പോളെത്തില്ല കുട്ടാ !

നേരമിരുട്ടിയാല്‍ കൂട്ടിലും കയറില്ല
ഒറ്റയ്ക്കും തെറ്റയ്ക്കും ചുറ്റി നടക്കും
പേടിച്ചിരിക്കുന്ന കാലം കഴിഞ്ഞു
നേരമേതായാലും ചെത്തി നടക്കും

കൂകലില്‍ പൂവന്‍റെ കുത്തക വേണ്ടിനി
തൊണ്ട കീറി കൂകി നാടുണര്‍ത്തും;
അര്‍ദ്ധരാത്രിയ്ക്കു നിലാവു കണ്ടപ്പോള്‍
'കൊക്കരക്കോ'യെന്നു കൂകി പിടക്കോഴി

നേരം പുലര്‍ന്നതാണെന്നും കരുതി
വീട്ടുകാരൊക്കെയും ഞെട്ടിയുണര്‍ന്നപ്പോള്‍
'ദോഷകാലം' വന്നു മാടി വിളിയ്ക്കുന്നു
'കൊക്കരക്കോ! കൊക്കരക്കോ!'

വല്ല വിധേനയും നേരം വെളുപ്പിച്ചു
ഒട്ടുമമാന്തിക്കാന്‍ ഒന്നുമുണ്ടായില്ല
കത്തിയൊരെണ്ണത്തിന്‍ മൂര്‍ച്ഛയും കൂട്ടി
ചെന്നു പിടിച്ചൂ ഫെമിനിസ്റ്റു കോഴിയെ

ഏറെ പറയുവാന്‍ ഇനിയൊന്നുമില്ല
ഏതാണ്ടൊരുച്ച നേരമടുത്തപ്പോള്‍
അടുക്കളയ്ക്കുള്ളിലടുപ്പിലെ പാത്രത്തില്‍
ആവിയായ് പൊങ്ങിപ്പറന്നു സ്വാതന്ത്ര്യം!


( ഈ കവിത വായിച്ച് ഏതെങ്കിലും പിടകള്‍ പ്രകോപിതരായി അര്‍ദ്ധ രാത്രി കൂകി എന്തെങ്കിലും അത്യാഹിതങ്ങള്‍ സംഭവിച്ചാല്‍ മാനേജുമെന്‍റോ കവിയോ ഉത്തരവാദിയായിരിയ്ക്കുന്നതല്ല )